ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം മുന്നോട്ട് പോകുന്നു. മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് ശ്രമം നടത്തുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. അതേസമം മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.
തിങ്കളാഴ്ച പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ മാറ്റങ്ങൾക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. രാഷ്ട്രപതിയുടെ വിദേശ സന്ദർശനം, ബിജെപിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതൃയോഗങ്ങൾ എന്നിവ ഈ ആഴ്ച തന്നെ നടക്കേണ്ടതിനാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്നെ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകും.
അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് ഇക്കുറി കൂടുതൽ പ്രാധാന്യം ഉണ്ടായേക്കും. പരമാവധി സീറ്റുകൾ നേടാനാണ് ബിജെപി ശ്രമം. പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ലക്ഷ്യമിട്ട് ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ച സാഹചര്യത്തിൽ കൂടിയാണ് മന്ത്രിസഭയടക്കം പുനസംഘടിപ്പിച്ച് കേന്ദ്രസർക്കാരിനെ മുഖം മിനുക്കൽ നടപടികൾ.