തിരുവനന്തപുരം : ബുറെവിയുടെ ഗതിമാറാൻ സാധ്യത. ബുറെവി തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ സാധ്യത. തൂത്തുക്കുടിയില്‍ നിന്ന് തിരുനെല്‍വേലി കടന്നാണ് കേരളത്തിലേക്കെത്തുന്നത്. 4നു രാവിലെ തമിഴ്നാട് തീരത്തെത്തി ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദമായി മാറി തെക്കൻ കേരളം വഴി അറബിക്കടലിലേയ്ക്ക് പോകും എന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര് നേരത്തെ അറിയിച്ചിരുന്നത്‍.
വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും. ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സഞ്ചരിച്ച് അറിബിക്കടലിലെത്തും. തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം , തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.