കോവിഡ് ഭേദമായവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ;പരിശോധന ഫലങ്ങളിൽ ആശങ്ക

തിരുവനന്തപുരം: കോവിഡ് ഭേദമായവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആശങ്ക വർധിക്കുന്നു. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലെ പ്രാഥമിക പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നത് കോവിഡ് ഭേതമായവയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നു തന്നെയാണ്. വയനാട്ടിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായവരിൽ 7 പേർക്ക് ഗുരുതര ശ്വാസകോശ പരിക്കുകൾ കണ്ടെത്തി. 5 പേരിൽ കാഴ്ച്ച പ്രശ്നങ്ങൾ വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പഠനത്തിനൊപ്പം, കോവിഡ് മുക്തരുടെ മരണം പ്രത്യേകം കണക്കെടുക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

വയനാട്ടിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായ 140 പേരിൽ നൂറിലധികം പേർക്കും അമിതമായ ക്ഷീണം കണ്ടെത്തി. ഒപ്പം ശ്വാസംമുട്ടും കിതപ്പുമുള്ളവരുണ്ട്. ഇതിൽ 7 പേർക്ക് ശ്വാസകോശത്തെ സാരമായി ബാധിച്ച ലംഗ് ഫൈബ്രോസിസ് കണ്ടെത്തി. 2 പേരെ മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സയ്ക്കായി റഫർ ചെയ്തു. പ്രമേഹ ബാധിതരായിരുന്ന കോവിഡ് മുക്തരിലാണ് കോവിഡിന് ശേഷം കാഴ്ച്ച പ്രശ്നങ്ങൾ വർധിച്ചതായുള്ള പ്രാഥമിക കണ്ടെത്തൽ.

ഈ സാഹചര്യത്തിൽ കോവിഡ് വന്നുഭേദമായി പിന്നീട് മരിച്ചവരുടെയും വിശദമായ കണക്കെടുക്കും. കോവിഡ് മുക്തനായ ശേഷം ഗുരുതരാവസ്ഥയിലെത്തി യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ പി ബിജുവിന്റെ മരണം വലിയ ചർച്ചയായിരുന്നു. കോവിഡ് വന്നു ഭേദമായ ഗർഭിണികളെയും നവജാത ശിശുക്കളെയും പ്രത്യേകം നിരീക്ഷിക്കും. സമഗ്രമായ പഠനത്തിലൂടെ വ്യക്തമായ ചിത്രം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമം.

Top