ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു. ഇക്കാര്യങ്ങളടക്കം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

ചികില്‍സാ പിഴവ് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍. സന്തോഷ് പറഞ്ഞു.

അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജ് ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇരുവരുടെയും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top