പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥര്‍. കാസര്‍ഗോഡ് ബേക്കല്‍ സ്റ്റേഷനില്‍ നിന്നാണ് പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. യുഡിഎഫ് അനുഭാവികളായ പൊലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിച്ചില്ലെന്നാണ് പരാതി.

സ്റ്റേഷനിലെ 33 പേര്‍ക്ക് ബാലറ്റ കിട്ടിയില്ല, ഇവിടെ 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചതെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.

എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, വനിത സിവിൽ പൊലീസ് ഓഫിസർ, തുടങ്ങിയവരുടേതായി ആകെ 44 അപേക്ഷകളാണ് ബേക്കല്‍ സ്റ്റേഷനില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റിനായി അയച്ചത്. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർമാരായ പൊലീസ് ഉദ്യോഗസ്ഥർക്കാണു ബാലറ്റ് പേപ്പർ കിട്ടാതിരുന്നത്. സിഐ ഉൾപ്പെടെ കൂത്തുപറമ്പ്, പയ്യന്നൂർ, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥർക്ക് തപാൽ ബാലറ്റ് ലഭിക്കുകയും ചെയ്തു.

അപേക്ഷിച്ചവർക്കു മുഴുവൻ ബാലറ്റ് പേപ്പർ അയച്ചിട്ടുണ്ടെന്നായിരുന്നു പരാതിയുമായി അസി.റിട്ടേണിങ് ഓഫിസർമാരെ സമീപിച്ചപ്പോൾ ലഭിച്ച മറുപടി. പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബുവും വ്യക്തമാക്കി. 33 അപേക്ഷകരിൽ 25 എണ്ണം യുഡിഎഫ് അനുഭാവികളുടേതും 8 എണ്ണം ഇടതുപക്ഷ അനുഭാവികളുടേതുമാണെന്നു പൊലീസുകാർ പറഞ്ഞു.

Top