പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ഇതുവരെ പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

മാധ്യമ വാര്‍ത്തകളുടെയും മറ്റു ചില പരാതികളുടേയും അടിസ്ഥാനത്തില്‍ ആരോപണങ്ങളുടെ വസ്തുത തേടി 2019 മെയ് 6ന് ഡി.ജി.പിക്കു കത്തെഴുതി.സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഫലപ്രഖ്യാപനത്തിന് ശേഷം ട്രൈബ്യൂണലില്‍ ഹരജി നല്‍കാവുന്നതാണ്.

തപാല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് 2014ല്‍ കമ്മീഷന്‍ കൊണ്ടുവന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയിറക്കിയ സര്‍ക്കുലര്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരമുള്ളതാണെന്നും ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നതായും വിശദീകരണത്തില്‍ പറയുന്നു.

പോസ്റ്റല്‍ ബാലറ്റ് തിരിമറി സംബന്ധിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Top