ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് പോസ്റ്റല്‍ ബാലറ്റ്. പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുന്നതു സജീവ പരിഗണനയിലാണെന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പും ഇറക്കി. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയ വിനിമയം നടത്തി വരുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.