തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചെന്ന പരാതിയില്‍ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ഏത് രീതിയില്‍ വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും ഡിജിപി നേരത്തെ നടപടിയെടുത്തില്ലെന്ന പരാതിയില്‍ കഴമ്പിലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
അതിനിടെ, പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്‍മേല്‍ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്നാണ് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും സമഗ്ര അന്വേഷണത്തിനാണ് ടിക്കാറാം മീണ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.