തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്കുള്ള തപാൽ വോട്ട് ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് ബാധിതര്‍, ക്വാറന്‍റൈനില്‍ കഴിയുന്നവര്‍, 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷിക്കാർ,ന്നിവരെയാണ് ആബ്‌സന്‍റീ വോട്ടര്‍മാരായി പരിഗണിക്കുന്നത്. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ച്ച് 17നു മുന്‍പ് നല്‍കിയവര്‍ക്കുമാണ് ഈ സൗകര്യം.
തപാല്‍ ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുന്നതിന് പ്രത്യേക പോളിംഗ് സംഘങ്ങളെ വരണാധികാരിമാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വോട്ടര്‍മാരുടെ അടുത്തെത്തുക. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാല്‍ ബാലറ്റ് പേപ്പർ, ഫോറം 13 എ യിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കും.
പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. തപാല്‍ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറിലിട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍തന്നെ പോളിംഗ് ഉദ്യോഗസ്ഥരെ തിരികെ ഏല്‍പ്പിക്കണം.
പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്പോള്‍ വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിവയ്ക്കണം.