തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്ക് പുറമെ ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും തപാല്‍വോട്ടിന് അവസരമൊരുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി 21ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തപാല്‍ വോട്ട് വേണ്ടവര്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. ആഗ്രഹമുള്ളവര്‍ക്കെല്ലാം പോസ്റ്റല്‍ വോട്ട് അനുവദിക്കും. കോവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിക്കണമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് ശേഷം വോട്ടര്‍ പട്ടികയില്‍ കൂട്ടിചേര്‍ക്കലോ ഒഴിവാക്കലോ അനുവദിക്കില്ല. പ്രചാരണ പരിപാടികള്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, റോഡ് റാലി എന്നിവയില്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.