ഭോപ്പാല്‍: കശ്മീര്‍ ഫയല്‍സ് സിനിമക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ ദലിത് യുവാവിന്റെ മുഖം ക്ഷേത്രത്തിന്റെ നിലത്ത് ഉരച്ചു. സംഭവത്തില്‍ 11 പേരെ കുറ്റക്കാരായി കണ്ടെത്തിയതായും ഏഴുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ആല്‍വാര്‍ ജില്ലയിലെ 32 കാരനായ രാജേഷ് കുമാര്‍ മേഗ്വാളാണ് കശ്മീര്‍ ഫയല്‍സിനെ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയ കമന്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടത്. മാര്‍ച്ച് 18നാണ് ഇദ്ദേഹം സംഭവത്തിനാധാരമായ പോസ്റ്റിട്ടത്.
‘സിനിമയുടെ ട്രെയ്ലര്‍ കാണുകയും ഞാന്‍ ഒരു പോസ്റ്റിടുകയും ചെയ്തു. സിനിമയില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെയുള്ള ക്രൂരത പുറത്തുകൊണ്ടുവരുന്നതിനാല്‍ നികുതിയിളവ് നല്‍കിയതും ദലിതുകള്‍ക്കും ഇതര സമുദായങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഞാന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങള്‍ പറയുന്ന ജയ് ഭീം പോലെയുള്ള സിനിമകള്‍ക്ക് എന്താണ് നികുതിയിളവ് നല്‍കാത്തതെന്നും ഞാന്‍ ചോദിച്ചു’ ഗോകല്‍പൂര്‍ നിവാസിയായ മേഗ്വാള്‍ ഒരു മാധ്യമത്തോട് സംസാരിക്കവേ പറഞ്ഞു.
പോസ്റ്റിന് താഴെ പിന്നീട് ചിലര്‍ മതമുദ്രാവാക്യങ്ങളുമായെത്തിയെന്നും തനിക്ക് ഭീഷണി സന്ദേശങ്ങളെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ സര്‍പഞ്ചടക്കമുള്ള ഗ്രാമീണര്‍ തന്നെ മാപ്പു പറയാന്‍ നിര്‍ബന്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. അതിന് വിസമ്മതിച്ച തന്റെ മൂക്ക് ക്ഷേത്രത്തിന്റെ നിലത്തുരച്ചെന്നും അദ്ദേഹം ആരോപിച്ചു.