കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്ത് മന്ത്രി കെസി ജോസഫിനെതിരെ പോസ്റ്ററുകള്‍. കെസി ജോസഫ് വീണ്ടും മത്സരിക്കുന്നതിനെതിരെയാണ് പോസ്റ്ററുകള്‍. 35 വര്‍ഷം എംഎല്‍എയായ കെസി ജോസഫിന് വോട്ട് ചെയ്യേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇരിക്കൂര്‍ മണ്ഡലം കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബാനറും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത്.
32ആം വയസ് മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെസി ജോസഫിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. കെസി ജോസഫ് മാറി ഇരിക്കൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ എത്തിച്ചാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.
വര്‍ഷങ്ങളായി മണ്ഡലത്തില്‍ തുടര്‍ച്ചയായി മത്സരിക്കുന്ന കെസി ജോസഫ് വീണ്ടും മത്സരിക്കുന്നത് സീറ്റ് നഷ്ടപെടാന്‍ ഇടയാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിലയിരുത്തിയിരുന്നു. ജോസഫ് മത്സര രംഗത്ത് നിന്ന് ആര്യാടനെ പോലെ പിന്മാറാന്‍ തയ്യാറാകണമെന്നാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മാണിയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കുന്നത് പോലെ താനും മത്സരിക്കുമെന്നാണ് കെസി ജോസഫിന്റെ വാദം.