ബീജിങ്ങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തിരിക്കെ ചൈനയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍ ഉയര്‍ന്നു. സര്‍ക്കാറിനെതിരെ രണ്ട് ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്. ബീജിങ്ങിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പാലത്തിലാണ് ബാനറുകള്‍ കാണപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബാനറുകള്‍ നീക്കം ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വന്നവയും നീക്കം ചെയ്യപ്പെട്ടതായി അന്താരാഷ്ട്രാമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പേരുകേട്ട ചൈനയില്‍ അത്യപൂര്‍വമായി മാത്രമേ സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിട്ടൊള്ളൂ.
പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് രാജ്യത്ത്, ഭരണകൂടത്തിനെതിരെയുള്ള അസംതൃപ്തി വര്‍ദ്ധിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത രീതിയിലുള്ള ‘സീറോ കൊവിഡ്’ നിയന്ത്രണങ്ങളാണ് പ്രതിഷേധത്തിന് കാരണം. നഗരം ലോക്ഡൗണിലേക്ക് നീങ്ങുന്നതോടെ നഗരത്തിന് പുറത്ത് പോയ അന്തേവാസികള്‍ക്ക് പോലും തിരിച്ച നഗരത്തിലേക്ക് കയറാന്‍ പറ്റില്ല. നഗരത്തിലേക്കുള്ള പ്രവേശം കര്‍ശനമാക്കി. അവശ്യ സാധനങ്ങളുടെ വിതരണത്തിലും ഇടവേളയുണ്ടാകുന്നു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഇതെല്ലാം ജനങ്ങളില്‍ വലിയ തോതില്‍ അസംതൃപ്തി ഉണ്ടാക്കി. നഗരത്തില്‍ ഒന്നോ രണ്ടോ കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പോലും നഗരം മുഴുവനും ക്വാറന്‍റൈനിലാക്കുന്ന സീറോ കൊവിഡ് രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു പാലത്തിന് മുകളില്‍ ഉയര്‍ന്ന ഒരു ബാനര്‍.
ഒരു ബാനറില്‍ ഇങ്ങനെ എഴുതി: “കോവിഡ് ടെസ്റ്റല്ല. ഞങ്ങൾക്ക് ഭക്ഷണം കഴിക്കണം. നിയന്ത്രണങ്ങളല്ല, ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം. നുണകളല്ല, ഞങ്ങൾക്ക് അന്തസ്സാണ് വേണ്ടത്. സാംസ്കാരിക വിപ്ലവമല്ല, ഞങ്ങൾക്ക് പരിഷ്കാരം വേണം, നേതാക്കളല്ല, ഞങ്ങൾക്ക് വോട്ട് വേണം. അടിമകളാകാതെ നമുക്ക് പൗരന്മാർ ആകാം.” ആദ്യത്തെ ബാനര്‍ സര്‍ക്കാറിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും ജനങ്ങളുടെ അന്തസിന് വേണ്ടിയുമായിരുന്നെങ്കില്‍ രണ്ടാമത്തെ ബാനര്‍ സര്‍ക്കാറിനെതിരെയാണ്.
“സ്കൂളിലും ജോലിസ്ഥലത്തും പണിമുടക്കുക. ഏകാധിപതിയും രാജ്യദ്രോഹിയുമായ ഷി ജിൻപിംഗിനെ നീക്കം ചെയ്യാൻ.” രണ്ടാമത്തെ ബാനറില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. വീഡിയോകളില്‍ പുകപടലങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ മുദ്രാവക്യം വിളിക്കുന്നതും കേള്‍ക്കാം. സംഭവമറിഞ്ഞ് തങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ഇവയെല്ലാം നീക്കം ചെയ്യപ്പെട്ടിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.