പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനു മുകളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം വടക്ക്, വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു, ശക്തി പ്രാപിച്ചു മധ്യ-കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപില്‍ നിന്ന് മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്-ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴിയും രൂപപ്പെട്ടു.

ന്യൂനമര്‍ദത്തിന്റെയും ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്.

അതേസമയം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 9 നും 12 നും ഇടയില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്.

 

Top