മുംബൈ: രമേഷ് പവാര്‍ വീണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ അപേക്ഷ നല്‍കി. വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും പിന്തുണയിലാണ് പരിശീലക സ്ഥാനത്തേക്ക് പവാര്‍ വീണ്ടും അപേക്ഷ നല്‍കിയതെന്നാണ് സൂചന. വെള്ളിയാഴ്ച വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.
ബിസിസിഐ മൂന്നംഗ സമിതിയെ കഴിഞ്ഞ ദിവസം പുതിയ കോച്ചിനെ കണ്ടെത്താന്‍ നിയമിച്ചിരുന്നു. ഇതിഹാസതാരം കപില്‍ ദേവ്, മുന്‍ താരങ്ങളായ അന്‍ഷുമാന്‍ ഗെയ്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതി അംഗങ്ങള്‍. അപേക്ഷകരുമായി സമിതി അംഗങ്ങള്‍ ഈമാസം ഇരുപതിന് മുംബൈയില്‍ അഭിമുഖം നടത്തും. കേരള ടീം കോച്ച് ഡേവ് വാട്ട്‌മോര്‍, ഹെര്‍ഷല്‍ ഗിബ്‌സ്, ഒവൈസ് ഷാ, മനോജ് പ്രഭാകര്‍ തുടങ്ങിയവരും പവാറിന് പുറമെ അപേക്ഷ നല്‍കിയിട്ടുണ്ട്
വീണ്ടും പരിശീകസ്ഥാനത്തേക്കു അപേക്ഷ നല്‍കാന്‍ ഹര്‍മന്‍പ്രീതും സ്മൃതിയും നല്‍കിയ പിന്തുണയാണ് തന്നെ പ്രേരിപ്പിച്ചതെന്നു 40 കാരനായ പവാര്‍ പറഞ്ഞു. അവരെ നിരാശരാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പവാര്‍ പറഞ്ഞു. ഹര്‍മന്‍പ്രീത് കൗറിനും സ്മൃതി മന്ദാനയ്ക്കും പുറമെ ഇടക്കാല ഭരണസമിതി അംഗമായ ഡയാന എഡുല്‍ജിയും പവാറിനെ പരസ്യമായി പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിനിടെ മുന്‍ ക്യാപ്റ്റനും സീനിയര്‍ താരവുമായ മിതാലി രാജും കോച്ചായിരുന്ന രമേഷ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് പവാറിനെതിരേ മിതാലിയും, മിതാലിക്കെതിരേ പവാറും ആരോപണങ്ങളുന്നയിച്ചിരുന്നു. താല്‍ക്കാലിക കോച്ചായിരുന്ന പവാര്‍ കാലാവധിക്കു ശേഷം പടിയിറങ്ങിയതോടെ പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയായിരുന്നു. വനിതാ ടീം പരിശീലകനെ നിയമിക്കുന്നതിനെച്ചൊല്ലി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ ഇടക്കാല ഭരണസമിതിയിലും ഭിന്നത രൂക്ഷമാണ്.