സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് 3.30നാണ് യോഗം. നിരക്ക് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ലോഡ്ഷെഡിങ്ങ് തല്‍ക്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന.

പ്രതിസന്ധി മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ കെ.എസ്.ഇ.ബിയെ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമോ എന്ന് പരിശോധിക്കാതെ കൂടിയ വിലയ്ക്ക് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി വകുപ്പിന് അതൃപ്തിയുണ്ട്. സി.പി.ഐ. എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തള്ളിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ഗ്രാന്‍ഡ് നഷ്ടപ്പെടുമെന്ന് ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വിഷയത്തില്‍ എന്തെങ്കിലും ബദല്‍ മാര്‍ഗം സ്വീകരിക്കാന്‍ കഴിയുമോ എന്നതാണ് ഇന്നത്തെ യോഗം പരിഗണിക്കുന്നത്.

അതേസമയം അടുത്ത മാസവും വൈദ്യുതിക്ക് സര്‍ ചാര്‍ജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേര്‍ത്ത് 19 പൈസയാണ് ഈടാക്കുക. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

Top