റെയ്ഗഡ്: ലോക പൈതൃക പട്ടികയിലുള്ള എലഫന്റ് ഗുഹകളില്‍ ആദ്യമായി വൈദ്യുതിയെത്തി. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടെ വൈദ്യുതിയെത്തുന്നതെന്നത് ശ്രദ്ധേയമാണ്. 7.5 കിലോമീറ്റര്‍ ദുരം കടലിനടിയിലൂടെ കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഖരപുരി ദ്വീപിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.
25 കോടി രൂപ മുതല്‍ മുടക്കില്‍ 15 മാസം കൊണ്ടാണ് ദ്വീപ് വൈദ്യുതീകരിക്കുന്ന പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 1200 ഓളം പേര്‍ താമസിക്കുന്ന ദ്വീപ് കാലങ്ങളായി അസ്തമയത്തിന് ശേഷം ഇരുട്ടിലായിരുന്നു. മത്സ്യബന്ധനവും, മത്സ്യക്കൃഷിയുമാണ് ഇവരുടെ ഉപജീവനമാര്‍ഗം.
ഇന്ത്യയില്‍ കടലിനടിയിലൂടെ വലിച്ച വൈദ്യുത കേബിളുകളില്‍ ഏറ്റവും നീളം കൂടിയത് ഖരപുരി ദ്വീപിലേക്കുള്ളതാണ്. ദ്വീപില്‍ വലുതും ചെറുതുമായ ഏഴ് ഗുഹാക്ഷേത്രങ്ങളാണുള്ളത്. ഹിന്ദു വിശ്വാസ പ്രകാരമുള്ള ശിവക്ഷേത്രമാണിവ. അഞ്ച്, ആറ് നൂറ്റാണ്ടുകളിലെ കൊത്തു പണികളുള്ള ഈ ഗുഹാക്ഷേത്രങ്ങളെ 1987ല്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികളും ദ്വീപിലെത്താറുണ്ട്.