ഇടുക്കി: മൂലമറ്റത്തും കൂടംകുളത്തും വൈദ്യുതോല്‍പാദനം കുറച്ചതോടെ സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണത്തിന് സാധ്യത വര്‍ധിച്ചു. മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ മൂലമറ്റത്തെ ഉല്‍പാദനം പകുതിയായി കുറഞ്ഞു.
കൂടംകുളത്തുനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ 120 മെഗാവാട്ടിന്റെ കുറവാണുള്ളത്. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതിവാങ്ങി പ്രതിസന്ധി തരണംചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം.
ഇടുക്കി അണക്കെട്ടിലെ പവര്‍ ഹൗസിലെ ടര്‍ബൈനിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന ഇന്‍ലറ്റ് വാല്‍വില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നാണ് മൂലമറ്റം പവര്‍ഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്.
ചോര്‍ച്ച പരിഹരിക്കാന്‍ പത്തുദിവസമെങ്കിലും വേണ്ടിവരും. ആകെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഒരെണ്ണത്തിന്റെ വാര്‍ഷികഅറ്റകുറ്റപ്പണി നടക്കുകയാണ്.
രണ്ട് ജനറേറ്ററുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ ഉല്‍പാദനം 15 ലക്ഷം യൂണിറ്റായി ചുരുങ്ങും. വെള്ളിയാഴ്ച ചോര്‍ച്ചകണ്ടെത്തുന്നതിന് മുന്‍പ് മുപ്പത് ലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചിരുന്നു.
ഇടുക്കിയിലെ പ്രതിസന്ധിക്ക് പുറമേയാണ് കൂടംകുളത്തുനിന്ന് ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതിയില്‍ 120 മെഗാവാട്ടിന്റെ കുറവുവന്നത്. ആറുകോടി അറുപതുലക്ഷം യൂണിറ്റാണ് കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം.
ഇതില്‍ എഴുപതുശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നത്. പ്രതിസന്ധി രൂക്ഷമായാല്‍ ഇടുക്കിയിലെ ഉല്‍പാദനം കൂട്ടാം എന്ന് പ്രതീക്ഷിച്ചിരുന്ന വൈദ്യുതിബോര്‍ഡിന് ജനറേറ്റര്‍ പ്രതിസന്ധി ഇരുട്ടടിയായി.
പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്നവിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത വര്‍ധിച്ചത്. മൂലമറ്റത്തെ പരിശോധനകള്‍ക്കുശേഷം ചൊവ്വാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബോര്‍ഡിലെ ഉന്നതര്‍ സൂചനനല്‍കി.