അധികാര കൈമാറ്റ ചര്‍ച്ച പുരോഗമിക്കുന്നു; അഫ്ഗാന്‍ താലിബാന്‍ ഭരണത്തിലേക്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിലേക്ക്. സര്‍ക്കാരും താലിബാനും തമ്മിലുള്ള അധികാര കൈമാറ്റ ചര്‍ച്ച പുരോഗമിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്‍ഷ്യല്‍ പാലസ് എആര്‍ജിയിലാണ് അധികാര കൈമാറ്റ ചര്‍ച്ച. അതേസമയം അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി അടിയന്തര യുഎന്‍ രക്ഷാസമതി യോഗം വിളിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

രാജ്യത്ത് രാഷ്ട്രീയ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പല പ്രദേശങ്ങളിലും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.

കാബൂള്‍ അടക്കം തന്ത്രപ്രധാനമായ എല്ലാ നഗരങ്ങളും താലിബാന്‍ സേന ഞായറാഴ്ച രാവിലെയോടെ പിടിച്ചെടുത്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളും വിമത സേന അടച്ചു. നാല് ഭാഗത്തുനിന്നും ഒരേ സമയം നഗരത്തിലേക്ക് പ്രവേശിച്ചാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത്.

യു.എസ് സേനയുടെ പൂര്‍ണമായ പിന്മാറ്റം ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തീകരിക്കാനിരിക്കെയാണ് താലിബാന്റെ മുന്നേറ്റം. താലിബാന്‍ തന്ത്രപ്രധാന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ യു.എസ് സേനയുടെ ബാക്കിയുള്ള സൈനികരേയും എംബസി ജീവനക്കാരേയും മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നു.

 

Top