രാജ്യത്ത് 2030 ഓടെ പൂര്‍ണമായും വൈദ്യത വാഹനങ്ങള്‍ കൊണ്ടു വരിക എന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് റിലയന്‍സ്. മൂന്നു മാസത്തിനിടയില്‍ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വൈദ്യുത വാഹന ചാര്‍ജിങ്ങിനുള്ള 15 സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നാണ് റിലയന്‍സ് എനര്‍ജി വ്യക്തമാക്കുന്നത്. മുംബൈയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്മാര്‍ട് സ്ലോ, ഫാസ്റ്റ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് റിലയന്‍സ് പദ്ധതിയിടുന്നത്.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ആറിലൊന്നു മാത്രമാണ് വൈദ്യുത വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവെന്നും റിലയന്‍സ് എനര്‍ജി വ്യക്തമാക്കി. മൂന്നു വര്‍ഷത്തിനകം വൈദ്യുത വിതരണ മേഖലയില്‍ പൂര്‍ണ്ണമായി ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. മുംബൈ നഗരത്തിലും പരിസരങ്ങളിലും വൈദ്യുത വിതരണ ലൈസന്‍സുള്ള കമ്പനിയാണു റിലയന്‍സ് എനര്‍ജി.