റെക്കോര്‍ഡ് നേട്ടവുമായി പ്രഭാസിന്റെ സലാര്‍; ലോകത്താകെ 5000ത്തിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനം

റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് നേട്ടവുമായി പ്രഭാസ് ചിത്രം സലാര്‍. ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. വടക്കേ അമേരിക്കയില്‍ മാത്രം 1980-ലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് സലാറിന്റെ വിദേശ വിതരണ കമ്പനികളിലൊന്നായ പ്രത്യാംഗിര സിനിമാസ് ട്വിറ്ററില്‍ അറിയിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

ആഗോളതലത്തില്‍ വന്‍ പ്രതീക്ഷയോടെ റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് സലാര്‍. സെപ്തംബര്‍ 27 ന് യുഎസില്‍ റിലീസ് ചെയ്യുന്ന സലാറിന് ഇതിനുമുമ്പ് മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്കും ലഭിക്കാത്ത അത്രയും സ്‌ക്രീനുകളാണ് ലഭിച്ചിരിക്കുന്നത്. ചിത്രം 28 നാണ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുക

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍.പാന്‍ ഇന്ത്യന്‍ റിലീസിനായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലായി ചിത്രീകരിച്ച മാസ് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണ് സലാര്‍. ശ്രുതി ഹാസന്‍ നായികയാകുന്ന ഈ ചിത്രം ഇന്ത്യയില്‍, തെലുങ്ക് , കന്നഡ ,മലയാളം , തമിഴ്, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ആയിരിക്കും ബിഗ് സ്‌ക്രീനില്‍ എത്തുക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്റെ തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍. ചിത്രം ഇന്ത്യയില്‍ സെപ്റ്റംബര്‍ 28 ന് റിലീസ് ചെയ്യും. കാന്താര, കെജിഎഫ് ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന സലാറിന്റെ ബഡ്ജറ്റ് 400 കോടിക്ക് മുകളിലാണ്.

Top