പ്രഭാസിന്റെ മെഴുക് പ്രതിമക്ക് ആരാധകരുടെ വിമര്‍ശനം

പ്രശസ്ത വ്യക്തികളുടെ പ്രതിമകള്‍ നിര്‍മ്മിക്കുന്നതും അവ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യുന്നതും പുതമയുള്ള കാര്യമല്ല. ലക്ഷകണക്കിന് പ്രതിമകളാണ് ഇന്ത്യയിലെ പല പല മ്യൂസിയങ്ങളിലായ് ഉള്ളത്. ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ പ്രതിമകള്‍ അതത് വ്യക്തികളുടെ സാദൃശ്യം ഇല്ലാത്തതിന്റെ പേരില്‍ പലപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ആ നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നത് തെലുങ്ക് താരം പ്രഭാസ് ആണ്. അദ്ദേഹത്തിന്റെ ഒരു പ്രതിമ അടുത്തിടെ മൈസൂരിലെ ഒരു മെഴുക് പ്രതിമാ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. പ്രഭാസുമായി യാതൊരു ചായയും ഈ പ്രതിമയ്ക്ക് ഇല്ലെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

പാന്‍ ഇന്ത്യന്‍ താരം എന്ന നിലയില്‍ പ്രഭാസിനെ ഉയര്‍ത്തിയ ബാഹുബലി എന്ന കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പ്രഭാസ് ആണ് ഇതെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും പ്രതിമയില്‍ ഇല്ലെന്നാണ് താരത്തിന്റെ ആരാധകരുടേതടക്കം വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും കനത്തതോടെ ബാഹുബലി നിര്‍മ്മാതാവ് ഷോബു യാര്‍ലഗദ്ദ തന്നെ രംഗത്തെത്തി. ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ചെയ്തിരിക്കുന്ന ഒരു വര്‍ക്ക് ആയതുകൊണ്ട് കോപ്പിറൈറ്റ് ലംഘിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ബാഹുബലി ഫ്രാഞ്ചൈസിയിലെ കഥാപാത്രങ്ങള്‍, കഥ, മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കോപ്പിറൈറ്റ് നിര്‍മ്മാതാവില്‍ നിക്ഷിപ്തമാണ്. തങ്ങളുടെ അനുമതി കൂടാതെ ഈ ഘടകങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിര്‍മ്മാതാവിന് നിയമപരമായി ചോദ്യം ചെയ്യാവുന്നതുമാണ്.

നേരത്തെ ബാങ്കോക്കിലെ മാദം തുസാഡ്‌സ് മ്യൂസിയത്തില്‍ പ്രഭാസിന്റെ ഒരു പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിയമപരമായി അനുമതി വാങ്ങിയ ശേഷം നിര്‍മ്മിച്ച ഒന്നായിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ കാര്യമായ വിജയം കൈവരിച്ചിരുന്നില്ല. ആദി പുരുഷിന്റെ ദയനീയ പരാജയം മാര്‍ക്കറ്റ് ഇടിവിന്റെ ആക്കം കൂട്ടി. സലാര്‍, കല്‍കി 2898 എഡി എന്നീ സിനിമകളിലാണ് നടന്റെ ആരാധകരുടെ മുഴുവന്‍ പ്രതീക്ഷയും.

Top