തിരുവനന്തപുരം: പുനര്‍ നിര്‍മ്മാണത്തിനായി കേരളം കെപിഎംജിയുടെ ഉപദേശം സ്വീകരിക്കുന്നതിനെതിരെ സംസ്ഥാന ആസൂത്രണബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക്. വിദേശത്തു നിന്നുള്ള സഹായം സ്വീകരിക്കുന്നത് കേരള മോഡലിന് എതിരാണ്. പദ്ധതി രൂപീകരണത്തിന്
സംസ്ഥാന ആസൂത്രണബോര്‍ഡിനെ ചുമതലപ്പെടുത്തണം. അതല്ലെങ്കില്‍ ആസൂത്രണബോര്‍ഡ് അംഗങ്ങളും വിദഗ്ധരും തദ്ദേശ സ്ഥാപനങ്ങളും ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കണമെന്നും പട്‌നായിക് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ശക്തമായ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പിന്തുണയോടെയായിരിക്കണം പുനര്‍ നിര്‍മ്മാണ മോഡല്‍ തീരുമാനിക്കേണ്ടത്. കേരള മോഡല്‍ ഇടതു പക്ഷത്തിന്റെ സംഭാവനയാണ്. ആ പാരമ്പര്യം നിലനിര്‍ത്തണമെന്നും കേരളത്തിന്റെ ശക്തി ലോകത്തിനു മുന്നില്‍ ബോധ്യപ്പെടുത്താനുള്ള ഉചിതമായ അവസരമാണിതെന്നും പ്രഭാത് പട്‌നായിക് ഓര്‍മ്മിപ്പിച്ചു.
കെപിഎംജിയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദനും നേരത്തെ രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം പാര്‍ട്ടി പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചിരുന്നു. പുനര്‍ നിര്‍മ്മാണ കാര്യത്തില്‍ തുറന്ന മനസ്സാണെന്നും എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്നും എസ്.രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കിയിരുന്നു.