അര്‍ബുദം വെട്ടിമാറ്റിയ കാലില്‍ കൃത്രിമകാല്‍ വച്ച് യുവാവ് ഓടിയത് അഞ്ച് കിലോമീറ്റര്‍ ദൂരം. പ്രഭുഎന്ന യുവാവാണ് അര്‍ബുദത്തെ അതിജീവിച്ച് പാലക്കാട് ജില്ലയില്‍ നടന്ന മാരത്തോണില്‍ പങ്കെടുത്തത്. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പ്രഭു ഈ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെച്ചത്.
പ്രഭുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
നേരേ നിവര്‍ന്ന് നില്‍ക്കില്ല എന്നു പലരും പറഞ്ഞ ഞാന്‍ മാരത്തോണ്‍ ഓടിയിരിക്കുന്നു. ഈ പൊയ്ക്കാലുകളില്‍ അഞ്ച് കിലോമീറ്റര്‍ ഫിനിഷ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞു. ഇതെന്റെ ജീവിതത്തില്‍ ശരിക്കും വിപ്ലവത്തിന്റെ നിമിഷമാണ്.ഞാന്‍ ഇത്രയും ദൂരം ഓടിയത് ഈ ഒരു കാല്‍ കൊണ്ടോ ഈ ക്രച്ചസ് കൊണ്ടോ അല്ല. മറിച്ച് എന്റെ ആത്മവിശ്വാസം കൊണ്ടാണ്. ഇനിയും ഓടാനും ഇനിയുമിനിയും മുന്നേറാനും ആണ് തീരുമാനം..
ജീവിതം നമ്മളെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ നമ്മള് ജീവിതത്തെ നോക്കി ഒന്ന് പുഞ്ചിരിക്കണം.എന്നിട്ട് ഇതുപോലെ ഓടണം വിജയത്തിലേക്ക്. എന്നെപ്പോലെ ജീവിത യാത്രയുടെ വഴിയില്‍ കാലു തട്ടി വീണവര്‍ക്ക് ഒരു പ്രചോദനം ആകാന്‍ കൂടിയാണ് ഞാന്‍ ഓടിയത്. ഇതിനു വേണ്ടി എന്നെ സഹായിച്ചവര്‍ക്കും ഒപ്പം ഇതിന്റെ സംഘാടകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു..
പ്രത്യേകിച്ച് എനിക്ക് മാരത്തോണില്‍ പങ്കെടുക്കാന് വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് തന്ന സ്റ്റുഡന്റ്‌സ് അത്‌ലറ്റിക് അക്കാദമിയിലെ രാജേഷ് ബ്രോ ,എനിക്കൊപ്പം ഓടി സര്‍വ്വ പിന്തുണയും നല്‍കിയ കഞ്ചിക്കോട് സ്‌കൂളിലെ പിടി അധ്യാപകനായ ദാസന്‍ സര്‍, കൂടെപ്പിറപ്പിനെപ്പോലെ കൂടെനിന്ന സ്റ്റീഫന്‍ എന്നിവര്‍ക്കും.
ജീവിതം പൊരുതുന്നവര്‍ക്കുള്ളതാണ്, പടവെട്ടി സ്വപ്നങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കാണ്.. അങ്ങനെ മുന്നോട്ട് പോകുന്നവര്‍ക്ക് പ്രതീക്ഷയും പിന്തുണയും നല്‍കുന്ന www.royaleimpero.com എന്ന ബ്രാന്‍ഡിനും എന്റെ അകമഴിഞ്ഞ സ്‌നേഹവും കടപ്പാടും.. പാലക്കാട് ജില്ലയില്‍ 5 കിലോമീറ്റര്‍ മാരത്തോണ്‍ ഫിനിഷ് ചെയ്ത ആദ്യത്തെ ക്യാന്‍സര്‍ അതിജീവിച്ച amputee എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്ന നിമിഷം.