ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ഇതിനകം വിതരണം ചെയ്തത് 10,500 കോടി രൂപ. 3.10 കോടി കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായ 2,000 രൂപയും 2.10 കോടി കര്‍ഷകര്‍ക്ക് രണ്ടാംഗഡുവും ചേര്‍ത്തുള്ള 4,000 രൂപയും ലഭിച്ചു.
ചെറുകിട കര്‍ഷകര്‍ക്കായി കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഇതിലൂടെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ലഭിക്കും. ഇത് മൂന്ന് ഗഡുക്കളായാണ് ലഭിക്കുന്നത്.
12 കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതിക്കായി 75,000 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയിലെ രണ്ടാംഗഡു വിതരണം ചെയ്തത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് പ്രത്യേക അനുമതിനേടിയാണ്.
പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം 1.01 കോടി കര്‍ഷകരാണ് ഇതിനകം 4,000 രൂപ വീതം നേടിയത്.