കണ്ണൂര്‍: കെ.സുധാകരന്‍ ബി.ജെ.പിയിലേക്കെന്ന് വ്യക്തമാക്കി ഡി.സി.സി സെക്രട്ടറി തന്നെ രംഗത്ത്.
ബി.ജെ.പി ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയ സുധാകരന്‍ രാജ്യസഭാ സീറ്റും കേന്ദ്രമന്ത്രി പദവുമാണ് ആവശ്യപ്പെട്ടതെന്ന് ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറി പ്രദീപ് വട്ടിപ്രം ആണ് ആരാപിച്ചിരിക്കുന്നത്.
ഡി സി സി ഓഫീസ് നിര്‍മാണ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് സുധാകരനെതിരെ പ്രധാനമായും ഉന്നയിച്ചത്. അഞ്ചു വര്‍ഷത്തിന് മുന്‍പേ പൊളിച്ചു മാറ്റിയ ഡി സി സി ഓഫീസ് ഇതുവരെ പുനര്‍ നിര്‍മിച്ചില്ല. ഇതിനായി വിദേശത്ത് നിന്ന് ഉള്‍പ്പെടെ പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ സ്വന്തം കീശയില്‍ ആക്കിയെന്ന് പ്രദീപ് വട്ടിപ്രം പറഞ്ഞു.
ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്തിയ കെ സുധാകരന്‍ രാജ്യസഭ അംഗത്വവും കേന്ദ്ര സഹ മന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു. ബി ജെ പി യുമായി വിലപേശല്‍ വിജയിക്കാതെ വന്നതിനാലാണ് സുധാകരന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് നേതൃത്വവുമായി സുധാകരന് അവിശുദ്ധ കൂട്ട്‌കെട്ട് ഉണ്ട്. സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച പ്രദീപ് വട്ടിപ്രം കോണ്‍ഗ്രസ്സുകാരനായി തന്നെ തുടരുമെന്നും വ്യക്തമാക്കി.
മുന്‍പ് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉന്നയിച്ചതിന് സമാനമായ ആരോപണം ഉന്നത കോണ്‍ഗ്രസ്സ് നേതാവ് തന്നെ ഉന്നയിച്ചതോടെ യു.ഡി.എഫ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി കോണ്‍ഗ്രസ്സ് നേതാക്കളെ ചുവട് മാറ്റിക്കാന്‍ ബി.ജെ.പി നീക്കം നടത്തി വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.