പശ്ചിമബംഗാള്‍: പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യം ഓര്‍മ്മയുണ്ടോ? അതില്‍ പുഞ്ചിരിച്ച് നിന്ന ഒരു സ്ത്രീയെ എല്ലാവരും കണ്ടുകാണും. അവരാണ് ലക്ഷ്മി. തനിക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട് ലഭിച്ചുവെന്നായിരുന്നു പരസ്യവാചകം. ലക്ഷ്മിക്ക് ഈ പരസ്യം എന്തിനെന്ന് പോലും അറിയില്ലെന്നാണ് അവര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി പ്രകാരം ഇതുവരെ വീട് ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള 71-ാം വാര്‍ഡിലെ മംഗലാന ലെയ്നിലെ വാടകവീട്ടിലാണ് ലക്ഷ്മി ഇപ്പോള്‍ താമസിക്കുന്നത്. താന്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെന്നും തന്റെ ഫോട്ടോ എടുത്തത് എപ്പോഴാണെന്ന് അറിയില്ലെന്നും ലക്ഷ്മി പറയുന്നു.
500 രൂപ മാസവാടകയ്ക്കാണ് ഇപ്പോഴും താമസിക്കുന്നത്. മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഈ വീട്ടില്‍ത്തന്നെയാണ് താമസം. സാധാരണ പുറത്തെ വരാന്തയിലാണ് ഉറങ്ങുന്നത്. മഴ പെയ്യുമ്പോള്‍ മാത്രം അകത്ത് കിടന്നുറങ്ങും.
പത്രത്തില്‍ ഫോട്ടോ കണ്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയെന്ന് ലക്ഷ്മി പറഞ്ഞു. എവിടെവച്ച് എടുത്ത ചിത്രമാണെന്നു പോലും ഓര്‍മ്മകിട്ടിയില്ല. ബാബുഘട്ട് ഗംഗാസാഗര്‍ മേളയില്‍ 10 ദിവസത്തേക്ക് ശൗചാലയങ്ങള്‍ വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്നു. അപ്പോള്‍ ആരോ എടുത്ത ചിത്രമാണെന്നാണ് കരുതുന്നതെന്ന് ലക്ഷ്മി പറയുന്നു.