ജീവനോടെ കത്തിക്കും; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പ്രഗ്യാ സിങിന്റെ പരാതി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാലു കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ പോലീസിനെ സമീപിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് പ്രഗ്യാ സിങ് ഭോപ്പാലിലെ കമല നെഹ്റു പോലീസ് സ്റ്റേഷനിലെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം പ്രഗ്യാ സിങിന്റെ പരാതിയില്‍ കേസെടുത്തോ എന്ന ചോദ്യത്തിന് പ്രഗ്യാ സിങ്ങുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നായിരുന്നു അഡീഷണല്‍ പോലീസ് സൂപ്രണ്ട് സഞ്ജയ് സാഹുവിന്റെ പ്രതികരണം. എംപിയുടെ പരാതിയില്‍ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് സൂചന.

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ബയോറ എംഎല്‍എ ഗോവര്‍ധന്‍ ദാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്.പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗോവര്‍ധന്‍ ധാംഗിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീട് മാപ്പുപറയുകയും ചെയ്തു.

Top