അപമര്യാദയായി പെരുമാറി; സ്‌പൈസ്‌ജെറ്റിനെതിരെ പരാതിയുമായി പ്രഗ്യാസിംഗ്

ഭോപ്പാല്‍: പ്രമുഖ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിനെതിരെ പരാതിയുമായി ഭോപ്പാല്‍ എം.പി പ്രഗ്യാസിംഗ് താക്കൂര്‍. ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്നാണ് എം.പി ആരോപിക്കുന്നത്. ഭോപ്പാലിലെ രാജാ ഭോജ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കാണ് പ്രഗ്യാസിംഗ് പരാതി നല്‍കിയത്.

ഡല്‍ഹി-ഭോപ്പാല്‍ വിമാന യാത്രക്കിടെയായിരുന്നു സംഭവം.ഭോപ്പാലില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ അതില്‍ നിന്ന് പുറത്തിറങ്ങാന്‍ ആദ്യം എം.പി തയാറായില്ല. പിന്നീട് മാധ്യമങ്ങള്‍ എത്തിയതോടെയാണ് അവര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുകയും പരാതി നല്‍കുകയും ചെയ്തത്.

‘ഞാന്‍ ബുക്ക് ചെയ്ത സീറ്റല്ല അവര്‍ എനിക്ക് നല്‍കിയത്. ഞാനവരോട് നിയമങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പട്ടു. അവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡയറക്ടറെ വിളിച്ച് പരാതി നല്‍കി’- പ്രഗ്യാസിംഗ് പറഞ്ഞു.

എയര്‍പോര്‍ട്ട് അധികൃതരുമായും പ്രഗ്യാസിംഗുമായും നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും പരാതി സ്വീകരിച്ചതായും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അനില്‍ വിക്രം പറഞ്ഞു.

Top