പ്രഗ്യാന്‍ റോവര്‍ ചന്ദ്രനില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടു; പ്രഗ്യാന്‍ റോവറും ലാന്‍ഡറും ഇനി സ്ലീപ് മോഡിലേക്ക്

ബംഗളൂരു: ചന്ദ്രയാന്‍ -3 യുടെ പ്രഗ്യാന്‍ റോവര്‍ ലാന്‍ഡിംഗ് പോയിന്റില്‍ നിന്ന് 100 മീറ്റര്‍ ദൂരം പിന്നിട്ടു. വിക്രം ലാന്‍ഡറും റോവറും തമ്മിലുള്ള ദൂരത്തിന്റെ ഗ്രാഫ് ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവച്ചു. ആദ്യം ലാന്‍ഡറില്‍ നിന്ന് പ്രഗ്യാന്‍ പടിഞ്ഞാറ് ദിശയിലാണ് നീങ്ങിയത്. പിന്നീട് ദിശ മാറി വടക്കോട്ട് നീങ്ങാന്‍ തുടങ്ങിയതായി ഗ്രാഫില്‍ കാണാം.

50×50 സ്‌കെയിലിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്ആര്‍ഒ ഗ്രാഫ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 101.4 മീറ്റര്‍ ദൂരം റോവര്‍ പിന്നിട്ടു. ഓഗസ്റ്റ് 23 നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയത്. തുടര്‍ന്ന് പത്ത് ദിവവസം കൊണ്ടാണ് റോവര്‍ നൂറ് മീറ്റര്‍ ദൂരം പിന്നിട്ടത്. സെക്കന്‍ഡില്‍ 1 സെന്റീമീറ്റര്‍ വേഗതയിലാണ് റോവര്‍ നീങ്ങുന്നത്.

14 ദിവസത്തേക്കായിരുന്നു ചന്ദ്രയാന്‍ മൂന്ന് ദൗത്യം. ദക്ഷിണധ്രുവ ഗവേഷണത്തിന് പ്രഗ്യാന് മൂന്ന് ദിവസം കൂടി ബാക്കിയുണ്ട്. ഇത് അവസാനിക്കാന്‍ ആയതോടെ പ്രഗ്യാന്‍ റോവറിനെയും ലാന്‍ഡറിനെയും സ്ലീപ് മോഡിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാക്കുകയാണെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് പറഞ്ഞു.

ചന്ദ്രനില്‍ 14 ദിവസം രാത്രിയും 14 ദിവസം പകലുമാണ്. പകല്‍സമയത്താണ് ചന്ദ്രയാന്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡറും റോവറും അവയുടെ സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചന്ദ്രനില്‍ രാത്രിയാകുന്നതോടെ വൈദ്യുതി ഉത്പാദനം നിലക്കും. ഇതോടെ റൊവറിന്റെയും ലാന്‍ഡറിന്റെയും പ്രവര്‍ത്തനവും നിലക്കും.

രാത്രി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ താപനില -100 ഡിഗ്രി സെല്‍ഷ്യസിനു താഴെയാകും. ഇത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കും. അതിനാല്‍ വീണ്ടും 14 ദിവസങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ സൂര്യപ്രകാശമെത്തുമ്പോള്‍ ഇവ പ്രവര്‍ത്തിച്ചുകൊള്ളണമെന്നില്ല. അത്ഭുതകരമായി പ്രവര്‍ത്തിച്ചാല്‍ വീണ്ടും 14 ദിവസം പരീക്ഷണങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

Top