കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ പ്രകാശ് അംബേദ്ക്കര്‍, പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ദളിത് നേതാവ് പ്രകാശ് അംബേദ്ക്കര്‍. ഭാരിപ ബഹുജന്‍ മഹാസംഘ് നേതാവാണ് ഇദ്ദേഹം. ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീനുമായി സഖ്യത്തിലെത്തിയതിനു പിന്നാലെയാണ് പ്രകാശ് അംബേദ്കര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറെടുക്കുന്നത്.

‘ഞാന്‍ എ.ഐ.എം.ഐ.എമ്മുമായി കൈകോര്‍ത്തു. ഇപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിന് വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ്. പക്ഷേ എന്‍.സി.പിയിലേക്ക് താല്‍പര്യമില്ല. പാര്‍ട്ടി നേതാവ് ശരത് പവാര്‍ ഒഴികെ പാര്‍ട്ടിയില്‍ ആരും തന്നെ മതേതര മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരല്ല’ അംബേദ്ക്കര്‍ പറഞ്ഞു.

സഖ്യചര്‍ച്ചകള്‍ക്കായി അദ്ദേഹം മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അംബേദ്കറുമായി സഖ്യത്തിന് താല്‍പര്യമുണ്ടെങ്കിലും എ.ഐ.എം.ഐ.എമ്മുമായി അവര്‍ സഖ്യത്തിലെത്തിയതിനാല്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.

പ്രതിപക്ഷ നേതാവ് വിഖേ പാട്ടീലിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് പ്രകാശ് അംബേദ്കര്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. എ.ഐ.എം.ഐ.എമ്മുമായും സഖ്യം തുടര്‍ന്നുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

എ.ഐ.എം.ഐ.എമ്മിനെ സമാനചിന്താഗതിക്കാരായ പാര്‍ട്ടിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല. അതിന് വര്‍ഗീയ മുഖമുണ്ട്. തെരഞ്ഞെടുപ്പില്‍ അത് ബി.ജെ.പിയെ സഹായിക്കും. വിഖെ പാട്ടീലും കോണ്‍ഗ്രസ് നേതാവ് അശോക് ചവാനും അംബേദ്കറുടെ നിര്‍ദേശം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

എന്‍സിപി നേതാവ് ഉദയന്‍രാജെ ഭോസാലെ ഹിന്ദു നേതാവായ ഭീദേയെ അനുകൂലിച്ച് സംസാരിച്ചതാണ് എന്‍സിപിയുമായി ഇടയാന്‍ അംബേദ്ക്കറെ പ്രേരിപ്പിച്ചത്‌. കൊറെഗോണ്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഭീദേ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് മേഖലകളിലെല്ലാം ദളിത് രാഷ്ട്രീയം വലിയ ചര്‍ച്ചയാകും. എന്‍സിപിയും കോണ്‍ഗ്രസുമാണ് മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍. മറ്റ് ചെറു പാര്‍ട്ടികളെ ഒപ്പം നിര്‍ത്തേണ്ടത് ലോക്‌സഭയില്‍ കര്‍ണ്ണാടക മോഡല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Top