ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനമുയര്‍ത്തി ഡോ.ബി.ആര്‍.അംബേദ്ക്കറിന്റെ പൗത്രന്‍ പ്രകാശ് അംബേദ്ക്കര്‍.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നിര്‍ണായക അവസരം പാഴാക്കിയെന്ന് പ്രകാശ് അംബേദ്ക്കര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും തയാറായിരുന്നിട്ടും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെന്നും, ദേശീയ തലത്തില്‍ മൂന്നാം ശക്തി വളര്‍ന്നു വരുമെന്നും, കോണ്‍ഗ്രസ്സിലും രാഹുല്‍ ഗാന്ധിയിലും പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ഗുജറാത്തില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന മുന്‍ തൂക്കം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിനായില്ലെന്നും, പ്രാദേശികമായി സഖ്യങ്ങളുണ്ടാക്കുന്നതിലും കോണ്‍ഗ്രസ്സിന് പിഴച്ചെന്നും പ്രകാശ് അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടി.
മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിയെന്നും പ്രകാശ് അംബേദ്കര്‍ വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസ്സിന് വിശേഷിച്ച് ഒരു ഗുണവും ഉണ്ടാക്കില്ലെന്നും, ദേശീയ തലത്തില്‍ മൂന്നാം ശക്തിക്കു മാത്രമേ ബിജെപിയെയും ഫാസിസത്തെയും നേരിടാന്‍ സാധിക്കൂ എന്നും, നോട്ടുനിരോധനം ജിഎസ്ടി തുടങ്ങി വിഷയങ്ങളില്‍ കോണ്‍ഗ്രസ്സ് ബിജെപിയുടെ ബി ടീമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ബിജെപി വിരുദ്ധ പ്രചരണത്തില്‍ അബേദ്ക്കറിന്റെ പൗത്രനും പ്രമുഖ സോഷ്യലിസ്റ്റുമായ പ്രകാശ് അംബേദ്കര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.