കെ.ഇ.ഇസ്മയിലിനെ തള്ളി പ്രകാശ് ബാബു ; വിമര്‍ശനങ്ങള്‍ ജാഗ്രത കുറവ് മൂലമാണെന്ന്

തിരുവനന്തപുരം : സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിനെതിരെ പ്രകാശ് ബാബു രംഗത്ത്.

സംഘടനാപരമായ അറിവില്ലായ്മയാണ് ഇസ്മയിലിനെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു തുറന്നടിച്ചു.

ഇസ്മയിലിന്റെ വെള്ളിയാഴ്ചത്തെ വിമര്‍ശനം ജാഗ്രത കുറവ് മൂലമാണ്. വിമര്‍ശനങ്ങള്‍ 22ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ചേരിതിരിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് സിപിഐ സംസ്ഥന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി കെ.ഇ. ഇസ്മയില്‍ രംഗത്തെത്തിയത്.

എല്ലാവരും അറിഞ്ഞല്ല, സിപിഐ മന്ത്രിമാരുടെ മന്തിസഭായോഗ ബഹിഷ്‌ക്കരണമെന്ന് കെ.ഇ. ഇസ്മയില്‍ പറഞ്ഞിരുന്നത്.

ഇക്കാര്യം മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെയും ഇസ്മയില്‍ വിമര്‍ശിച്ചിരുന്നു.

മന്ത്രിമാരുടെ ബഹിഷ്‌ക്കരണം സിപിഐ ചര്‍ച്ചചെയ്യുമെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു.

ആലപ്പുഴയില്‍ വലിയകുളം സീറോ ജെട്ടി റോഡിന് താന്‍ എം പി ഫണ്ട് അനുവദിച്ചത് സിപിഐയുടെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണെന്ന് ഇസ്മയില്‍ നേരത്തെ പറഞ്ഞിരുന്നു.

എം പി ഫണ്ട് അനുവദിക്കാറുള്ളത് പാര്‍ട്ടി പറയുന്നതനുസരിച്ചാണെന്ന് വ്യക്തമാക്കിയ ഇസ്മയില്‍ താന്‍ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ പോയിട്ടില്ലെന്നും പറഞ്ഞിരുന്നു.

ഇസ്മയിലിന്റെ എം പി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച റോഡ് ഭൂസംരക്ഷണ നിയമം ലംഘിച്ച് കയ്യേറിയതാണെന്ന ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത്.

Top