ന്യൂഡൽഹി: കേരളത്തിൽ പാർട്ടി പ്രവർത്തനം കാര്യക്ഷമമല്ലെന്ന കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ടിനു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ഏൽപിച്ച് ബി.ജെ.പി. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പിടിമുറുക്കാനുള്ള ആസൂത്രണങ്ങളാണ് ബി.ജെ.പി നടത്തുന്നത്. കേരളത്തിനു പുറമെ 15ഓളം സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ പാർട്ടി പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനുള്ള നേതാക്കളുടെ പട്ടികയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പുറത്തുവിട്ടിട്ടുണ്ട്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന പ്രഭാരിയായി പ്രകാശ് ജാവദേക്കർ കേരളത്തിലെത്തുന്നത്. രാജ്യസഭാ അംഗം ഡോ. രാധാമോഹൻ അഗർവാളാണ് സഹപ്രഭാരി. ലക്ഷദ്വീപിന്റെ ചുമതല കൂടി രാധാമോഹൻ വഹിക്കും. എ.പി അബ്ദുല്ലക്കുട്ടിക്ക് പകരക്കാരനായാണ് രാധാമോഹനെ ലക്ഷദ്വീപിന്റെ പ്രഭാരിയായിരിക്കുന്നത്.