ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.
ആര്‍എസ്എസിനു പുറമേ മറ്റ് ബിജെപി അനുകൂല സംഘടനകളുമായും മന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബിജെപി പ്രസിഡന്റ് അമിത് ഷാ, ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക് പ്രമുഖ് അനിരുദ്ധ ദേശപാണ്ഡെ എന്നിവര്‍ ജാവദേക്കറിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സ്മൃതി ഇറാനിയില്‍നിന്നു മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തശേഷം ആദ്യമായാണ് ജാവദേക്കര്‍ ആര്‍എസ്എസുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. ഗുജറാത്തി ഭവനില്‍ നടന്ന ചര്‍ച്ച ആറു മണിക്കൂര്‍ നീണ്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം തുടക്കത്തില്‍ പുറത്തിറക്കിയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനു വേണ്ടിയായിരുന്നു ചര്‍ച്ചകളെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
ആദ്യം പുറത്തിറക്കിയ കരടില്‍ ആര്‍എസ്എസിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്ന് നേരത്തെ സംഘടന പരാതി ഉന്നയിച്ചിരുന്നു. സ്മൃതി ഇറാനിയുടെ ഭരണകാലത്താണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് പുറത്തിറക്കിയത്.