തിരുവനന്തപുരം: വികസനവും കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ബിജെപി 370ന് മുകളില്‍ സീറ്റ് നേടും. എന്‍ഡിഎ സഖ്യം 400ന് മുകളില്‍ സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോള്‍ ആരും പറയുന്നില്ല. മുന്നില്‍ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ട്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി നല്ല ഭരണം നടത്തി. മോദി സര്‍ക്കാര്‍ തന്നെ മൂന്നാമതും വരുമെന്ന് എല്ലാ വോട്ടര്‍മാര്‍ക്കും അറിയാം. അതേസമയം ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ എന്നന്നേക്കുമായി മാറ്റമുണ്ടാകാന്‍ പോവുകയാണെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ നരേന്ദ്ര മോദി കേരളീയര്‍ക്ക് എത്തിച്ചെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. 1.5 കോടി പേര്‍ക്ക് സൌജന്യ അരി, 50 ലക്ഷം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുദ്ര ലോണ്‍, 35 ലക്ഷം കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ പദ്ധതി, 4 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍, 20 ലക്ഷം കുടുംബങ്ങള്‍ക്ക് ജല്‍ ജീവന്‍ വാട്ടര്‍ കണക്ഷന്‍ എന്നിവ ലഭ്യമാക്കി. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകം നമ്മളെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനും എല്‍ഡിഎഫിനും ഭാവിയില്ല. അവര്‍ക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല. അതിനാല്‍ അവര്‍ അപ്രസക്തമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. 30 വര്‍ഷം വീതം കോണ്‍ഗ്രസും എല്‍ഡിഎഫും പശ്ചിമ ബംഗാളില്‍ ഭരിച്ചു. ഇപ്പോള്‍ ബംഗാള്‍ നിയമസഭയില്‍ അവര്‍ വട്ടപൂജ്യമാണ്. സമീപഭാവിയില്‍ കേരളത്തിലും ഇതേ അവസ്ഥയാണുണ്ടാവുകയെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു.