ന്യൂഡല്‍ഹി : ത്രിപുരയില്‍ ഇടതുമുന്നണി സര്‍ക്കാരുണ്ടാക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎമ്മിന് സാധിക്കുമെന്നും ഇടതുമുന്നണി വിജയം നേടുമെന്നും പ്രകാശ് കാരാട്ട് അവകാശപ്പെട്ടു.
അടിത്തറ തകര്‍ന്ന കോണ്‍ഗ്രസുമായി ത്രിപുരയില്‍ ഒരു സഖ്യത്തിനും സിപിഎം ഇല്ലെന്ന് പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു. ത്രിപുരയില്‍ തൂക്ക് സഭയ്ക്ക് സാധ്യതയില്ലെന്നും ഇടതുമുന്നണി കേവല ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സി.പി.എം കേവല ഭൂരിപക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. 53 സീറ്റുകളിലെ ലീഡ് നില പുറത്ത് വരുന്‌പോള്‍ 30 സീറ്റില്‍ സി.പി.എം മുന്നിട്ട് നില്‍ക്കുന്നു. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ശക്തമായ മത്സരം കാഴ്ചവച്ച ബി.ജെ.പി 23 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. നേരത്തെ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് അത് നഷ്ടമാവുകയായിരുന്നു.