കോണ്‍ഗ്രസ്സ് സഹകരണം; നിലപാടുകളില്‍ മാറ്റമില്ലാതെ യെച്ചൂരിയും കാരാട്ടും

yechuri

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് സംഖ്യം സംബന്ധിച്ച് നിലപാടുകളില്‍ മാറ്റമില്ലെന്ന് ബോധ്യപ്പെടുത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും കാരാട്ടും നേര്‍ക്കു നേര്‍. കേന്ദ്രക്കമറ്റി അംഗീകരിച്ച കരടപുപ്രമേയം ആദ്യം കാരാട്ട് അവതരിപ്പിച്ചു. അതിനു പിന്നാലെ കേന്ദ്രക്കമറ്റി വോട്ടിനിട്ടു തള്ളിയ ന്യൂനപക്ഷ കാഴ്ചപ്പാട് യെച്ചൂരിയും അവതരിപ്പിച്ചു. ഇരുവരും നിലപാടുകളില്‍ ഉറച്ചു നിന്നതോടെ വോട്ടെടുപ്പിനുള്ള സാധ്യത കൂടി.

ബി.ജെ.പി.യെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വാതില്‍ കൊട്ടിയടയ്ക്കരുതെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അതേസമയം, ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസുമായി ഒരു വിധത്തിലും കൈകോര്‍ക്കരുതെന്ന് കാരാട്ട് വാദിച്ചു. രാഷ്ട്രീയ അടവുനയവും തിരഞ്ഞെടുപ്പ് അടവുനയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ ഐക്യത്തിന് ഇടതുപക്ഷം മുന്‍കൈയെടുക്കണമെന്നായിരുന്നു യെച്ചൂരി വാദിച്ചത്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന് വാദിച്ചിട്ടില്ലെന്നും എന്നാല്‍, കോണ്‍ഗ്രസ്സുമായി ഒരു ധാരണയും പാടില്ലെന്ന രാഷ്ട്രീയസമീപനം സ്വീകരിച്ചാല്‍ അതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തില്‍ ബി.ജെ.പി.കരുത്താര്‍ജിച്ചു കഴിഞ്ഞുവെന്നും ഇടതുപക്ഷത്തിന് ശക്തിയുള്ള കേരളത്തിലും ബംഗാളിലുമൊക്കെ ബി.ജെ.പി.യും ആര്‍.എസ്.എസും നടത്തുന്ന അക്രമങ്ങള്‍ നാം തിരിച്ചറിയണമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി ഒരു സഹകരണവും വേണ്ടെന്നു നിലപാടെടുത്താല്‍ കര്‍ണാടക, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതാണ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരടുപ്രമേയമെന്ന് കാരാട്ട് വാദിച്ചു. പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിന്റെ നിലപാടാണ് യെച്ചൂരി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റിയിലാണ് ന്യൂനപക്ഷമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സാണ് പരമോന്നത സമിതിയെന്നും യെച്ചൂരി തിരിച്ചടിച്ചു. കരടുപ്രമേയത്തില്‍ എല്ലാ മാറ്റവും വരുത്താനുള്ള അധികാരം പാര്‍ട്ടി കോണ്‍ഗ്രസ്സിനുണ്ട്.

ദേശീയരാഷ്ട്രീയത്തില്‍ മുഖ്യ ഭീഷണിയായ ബി.ജെ.പി.യെ അധികാരത്തില്‍ നിന്നു താഴെയിറക്കാനുള്ള രാഷ്ടീയസമീപനം പാര്‍ട്ടി കോണ്‍ഗ്രസ്സ് കൈകൊള്ളണമെന്നും അതിനു നിലവിലെ പ്രമേയത്തില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ നിലപാടില്‍ ഭാവിയില്‍ ഖേദിക്കേണ്ട സ്ഥിതിയുണ്ടാവരുതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഎം 22-ാം പാര്‍ട്ടി സമ്മേളനത്തിന് ഹൈദരബാദിലെ അമീന്‍ നഗറില്‍ തുടക്കമായത്.

Top