ലഘുലേഘകള്‍ പിടിച്ചെടുത്തത് കൊണ്ടു മാത്രം ആരും മാവോയിസ്റ്റാകില്ലന്ന സി പി.എം പിബി അംഗം പ്രകാശ് കാരാട്ടിന്റെ നിലപാടും ചര്‍ച്ചചെയ്യപ്പെടണം. അതുപോലെ തന്നെ ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ഏത് ശക്തികള്‍ ശ്രമിച്ചാലും അതിനെതിരെയും ജാഗ്രത അനിവാര്യമാണ്.
പൊലീസ് തെറ്റായി പ്രവര്‍ത്തിച്ചെന്നും സര്‍ക്കാര്‍ ഇടപെട്ട് തിരുത്തണമെന്നും കാരാട്ട് നിലവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കിടയിലെ പൊതു വികാരമാണ് പ്രകാശ് കാരാട്ട് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്.
യു.എ.പി.എ ഒരു കരിനിയമമാണെന്ന് ചൂണ്ടിക്കാട്ടി ഏറ്റവും അധികം പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് സി.പി.എം.അതുകൊണ്ട് തന്നെയാണ് ഇടതു സര്‍ക്കാര്‍ അധകാരത്തില്‍ വന്നശേഷം ആറ് കേസുകളില്‍ യു.എ.പി.എ എടുത്തുകളഞ്ഞിരിക്കുന്നത്.
ഭരണകൂട ഭീകരതയായാണ് കമ്യൂണിസ്റ്റുകള്‍ യു.എ.പി.എയെ കാണുന്നത്.രാജ്യദ്രോഹികള്‍ക്ക് നേരെ ചുമത്തേണ്ട കുറ്റം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചുമത്തേണ്ട ഒരു കാര്യവും പൊലീസിനില്ല. ഇവിടെ പൊലീസ് എടുത്ത നടപടിക്ക് ന്യായീകരണം കണ്ടെത്താനാണ് അവര്‍ പരക്കം പായുന്നത്.
യു.എ.പി.എ കേസില്‍ സര്‍ക്കാറിനെ സംബന്ധിച്ച് അനുമതിക്കായി ഫയല്‍ വന്നാല്‍ മാത്രമേ ഇടപെടാന്‍ കഴിയൂ. മറ്റ് ആറ് കേസുകളെ പോലെ ഈ കേസിലും അത്തരമൊരു ഘട്ടത്തില്‍ സര്‍ക്കാര്‍ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതിഭാഗവും ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ നാം പരിശോധിക്കേണ്ടത് പൊലീസിന്റെ സമീപനങ്ങളെയാണ്.ഒരാളെ എങ്ങനെ മാവോയിസ്റ്റാക്കാം എന്ന പഠനമാണ് പൊലീസ് നടത്തുന്നതെന്ന് തോന്നിപ്പോകുന്നതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍.
ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചുമത്തിയ യു.എ.പി.എ റദ്ദാക്കിയാല്‍ സ്വാഭാവികമായും അത് തിരിച്ചടിയാകുക ഉന്നതര്‍ക്ക് തന്നെയാണ്. അതുകൊണ്ടാണ് പൊലീസ് തെളിവുണ്ടാക്കാന്‍ പരക്കം പായുന്നത്. വകുപ്പ് തല നടപടി ഭയന്നാണിത്.
പൊലീസിന് പിണറായി സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന കാര്യം സര്‍ക്കാറാണ് ഇനി പരിശോധിക്കേണ്ടത്.യു.എ.പി.എ ചുമത്തുന്നതിന് മുന്‍പ് കൂടിയാലോചന ഉണ്ടായോ എന്നതും ശരിക്കും പരിശോധിക്കപ്പെടണം.
മാവോയെ കുറിച്ച് പഠിക്കുന്നതിന് വിലക്ക് ഇവിടെ എവിടെയും ഇല്ല, മാവോയെയും മാര്‍ക്‌സിനെയും ലെനിനെയുമെല്ലാം ശരിക്കും പഠിച്ച് തന്നെയാണ് ഈ മണ്ണില്‍ കമ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഓഫീസുകളില്‍ ഇപ്പോഴും തൂങ്ങുന്നതും ഈ ഫോട്ടാകള്‍ തന്നെയാണ്.
ഗറില്ലാ പോരാട്ടം നടത്തി ചരിത്രം രചിച്ച ചെഗുവേരയെയും ഫിഡല്‍ കാസ്‌ട്രോയെയും ഉള്‍പ്പെടെ ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രകടനങ്ങളില്‍ പോലും ‘ചെ’യുടെ പതാകകള്‍ സൃഷ്ടിക്കുന്ന ആവേശങ്ങള്‍ ചെറുതല്ല.
പൊരുതുന്ന യുവത്വത്തിന്റെ ആവേശമാണ് ഈ ധീര കമ്യൂണിസ്റ്റുകള്‍. ഓരോ രാജ്യത്തിന്റെയും അവസ്ഥക്കനുസരിച്ചുള്ള പോരാട്ടങ്ങളാണ് ഇവരെല്ലാം നടത്തിയിരുന്നത്. പ്രതികരണശേഷിയുള്ള ജനതയുടെ പ്രതീകമാണ് ചെഗുവേര.
കേരളത്തിലും ആയുധമെടുത്ത് പോരാടി തന്നെയാണ് കമ്യൂണിസ്റ്റുകള്‍ ഈ മണ്ണും ഉഴുത് മറിച്ചത്.പുന്നപ്ര വയലാര്‍ സമരം തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വി.എസ് അച്ചുതാനന്ദന്‍ ഇന്നും ജീവിച്ചിരിക്കുന്ന വലിയ അടയാളമാണ്.
സായുധ മാര്‍ഗ്ഗത്തില്‍ നിന്നും ജനാധിപത്യ മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയാണ് 1957 ല്‍ കമ്യൂണിസ്റ്റുകള്‍ കേരള ഭരണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ കമ്യൂണിസ്റ്റു പാര്‍ട്ടികളെയാണ് ഇവിടെ മാവോയിസ്റ്റുകളും കണ്ട് പഠിക്കേണ്ടത്.
വാരിക്കുന്തം ഏന്തിയ വി.എസ് പിന്നിട് ബാലറ്റ് പേപ്പര്‍ ഏന്തിയാണ് കേരള മുഖ്യമന്ത്രിയായത്.57 ലെ ഇ.എം.എസ് മന്ത്രിസഭയുടെ തുടര്‍ച്ച തന്നെയാണ് വി.എസിന്റെയും ഇപ്പോള്‍ പിണറായിയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍.
ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നണിയിലുണ്ട് എന്നത് മാത്രമാണ് നിലവില്‍ ഇടതുപക്ഷത്തുള്ള വ്യത്യാസം. ഇത്തരം ആളില്ലാ ഈര്‍ക്കിള്‍ പാര്‍ട്ടികളെ ചുമക്കേണ്ടി വരുന്നതാണ് കമ്യൂണിസ്റ്റുകളെ ഗതികേടിലാക്കുന്നത്.
സി.പി.എമ്മിനെയും സി.പി.ഐയെയും പോലെ മാവോയിസ്റ്റുകളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാണ് ഇനി ഇടപെടേണ്ടത്. നിങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കാന്‍ ജനാധിപത്യ മിര്‍ഗ്ഗത്തില്‍ തന്നെ ഇടമുണ്ടെന്ന കാര്യം മറന്നുപോകരുത്.
മാവോയിസ്റ്റുകളുടെ ലക്ഷ്യത്തിലല്ല, മാര്‍ഗ്ഗത്തിലാണ് പിശക്. അതാണ് അവര്‍ സ്വയം തിരുത്തേണ്ടത്. സായുധ മാര്‍ഗ്ഗം വെടിഞ്ഞ് നിരവധി മാവോയിസ്റ്റുകള്‍ ഇതിനകം തന്നെ ജനാധിപത്യത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ പാതയിലേക്ക് അവശേഷിക്കുന്നവരെ ആനയിക്കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളും മുന്‍കൈ എടുക്കേണ്ടതുണ്ട്.
തോക്ക് ഉപേക്ഷിച്ച് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ നേപ്പാളില്‍ അധികാരം പിടിച്ച ചരിത്രമുള്ളവരാണ് മാവോയിസ്റ്റുകള്‍.ആ പാത ഇന്ത്യയിലും തുടരാന്‍ മാവോയിസ്റ്റ് നേതൃത്വം തയ്യാറായാല്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴി തുറക്കുക.
Express View