ചെന്നൈ: രാജ്യത്തു ഹിന്ദു തീവ്രവാദമുണ്ടെന്നു തുറന്നടിച്ച നടന്‍ കമല്‍ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ്.
പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദമല്ലേ എന്ന ചോദ്യമാണ് പ്രകാശ് രാജ് ഉന്നയിക്കുന്നത്. ട്വിറ്ററിലായിരുന്നു താരത്തിന്റെ പ്രതികരണം.
”എന്റെ രാജ്യത്തിലെ തെരുവുകളില്‍ സദാചാരത്തിന്റെ പേരില്‍ ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീകരവാദമല്ല. പശുക്കളെ കശാപ്പുചെയ്യുന്നു എന്ന സംശയത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നതും നിയമം കൈയിലെടുക്കുന്നതും ഭീകരവാദമല്ല. ചെറിയ എതിരഭിപ്രായങ്ങളെ വരെ വെറുപ്പും ഭീഷണിയും ട്രോളുകളും ഉപയോഗിച്ച് നിശബ്ദമാക്കുന്നത് ഭീകരവാദമല്ല. എങ്കില്‍ എന്താണ് ഭീകരവാദം”- ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പ്രകാശ് രാജ് ചോദിക്കുന്നു.
മതം, സംസ്‌കാരം, സദാചാരം എന്നിവയുടെ പേരില്‍ ഭീതിപടര്‍ത്തുന്നത് ഭീകരവാദമല്ലെങ്കില്‍ മറ്റെന്താണെന്നും ദേശീയ പുരസ്‌കാര ജേതാവായ നടന്‍ ചോദ്യമുന്നയിക്കുന്നു.
നേരത്തെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബംഗളുരുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ച മൗനത്തെ പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. മൗനം പാലിക്കുന്ന മോദി തന്നേക്കാള്‍ മികച്ച നടനാണെന്നും ഗൗരിയുടെ മരണത്തെ ആഘോഷിക്കുന്നവരെ എങ്ങനെയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്നതെന്നും പ്രകാശ് രാജ് ചോദിക്കുകയുണ്ടായി.
രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നതായും മുന്‍ കാലങ്ങളില്‍ സംവാദങ്ങളിലൂടെ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നവര്‍ ഇന്ന് അക്രമങ്ങളിലൂടെയാണ് പ്രതികരിക്കുന്നതെന്നും കമല്‍ഹാസന്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമല്‍ ഹിന്ദു തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചത്.