അവര്‍ക്കായി ഞാന്‍ ഇരക്കുകയോ കടം വാങ്ങുകയോ ചെയ്യും: പ്രകാശ് രാജ്

ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് കൈത്താങ്ങായി വീണ്ടും നടന്‍ പ്രകാശ് രാജ്. ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടിയവരെ ബാങ്ക് ലോണ്‍ എടുത്തിട്ടായാലും താന്‍ സഹായിക്കുമെന്ന് കഴിഞ്ഞ തവണ താരം പറഞ്ഞിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ അതിഥി തൊഴിലാളികള്‍ക്ക് തന്റെ ഫാം ഹൗസില്‍ താമസമൊരുക്കുകയും നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അതിനുള്ള സഹായം ചെയ്തു നല്‍കിയിരിക്കുകയുമാണ് താരം.

ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ഡൗണ്‍ കാലത്ത് ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് അന്യസംസ്ഥാന തൊഴിലാളികള്‍. മറ്റുമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ തങ്ങളുടെ ജോലിസ്ഥലത്ത് നിന്നും പലരും കാല്‍നടയായിട്ടാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി പോകുന്നത്. ഈ ദുരിതയാത്രയില്‍ പലരും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ വഴിയില്‍ വച്ച് മരണമടയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അവരെ സഹായിച്ച് താരം രംഗത്ത് എത്തിയത്.

‘ഞാന്‍ ഇരക്കുകയോ കടം വാങ്ങുകയോ ചെയ്യും, പക്ഷേ എന്റെ വഴിയില്‍ കണ്ടുമുട്ടുന്ന സഹപൗരന്മാരുമായും അത് പങ്കുവയ്ക്കും. അവര്‍ എനിക്ക് തിരികെ നല്‍കില്ലായിരിക്കാം. എന്നാല്‍ ഒടുവില്‍ അവര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ പറയും. ഞങ്ങള്‍ക്ക് വീട്ടിലെത്താന്‍ പ്രതീക്ഷ നല്‍കിയ ഒരാളെ ഞങ്ങള്‍ കണ്ടുമുട്ടിയെന്ന്- പ്രകാശ് രാജ് കുറിച്ചു.

തന്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം ഈ ലോക്ഡൗണ്‍ കാലത്ത് പ്രകാശ് രാജ് മാറ്റിവച്ചിരുന്നു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളവും നല്‍കി. മാത്രമല്ല 30 ദിവസവേതനക്കാരെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ താമസിപ്പിക്കുകയും ചെയ്തു.

Top