എന്‍സിപിയില്‍ വിള്ളല്‍! മന്ത്രി സഭാ വികസനത്തിന് പിന്നാലെ എംഎല്‍എയുടെ രാജി പ്രഖ്യാപനം

ന്ത്രി സഭാ വികസനത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ എന്‍സിപി എംഎല്‍എ രാജി പ്രഖ്യാപനവുമായി രംഗത്ത്. എന്‍സിപിയുടെ ബീഡ് ജില്ലയില്‍ നിന്നുള്ള പ്രകാശ് സോളങ്കെ എന്ന എംഎല്‍എയാണ് ഇന്നലെ രാത്രിയാണ് രാജി പ്രഖ്യാപനം നടത്തിയത്.

പെട്ടന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം എംഎല്‍എ വ്യക്തമാക്കിയിട്ടില്ലെങ്കിലും, രാഷ്ട്രീയത്തിന് വിലയില്ലാതായെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഉദ്ദവ് സര്‍ക്കാരിന്റെ സഭാ വികസനം നടന്നത് ഇഷ്ടപ്പെടാത്തത് തന്നെയാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനത്തിനുള്ള പ്രധാന കാരണമായി എന്‍സിപി പോലും വിലയിരുത്തുന്നത്.

‘രാജി വയ്ക്കുകയാണ്, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനം’ എന്ന് മാത്രമായിരുന്നു സോളങ്കെ അറിയിച്ചത്. എന്നാല്‍ മന്ത്രി സഭാ വികസനവുമായി തന്റെ രാജിക്ക് ഒരു ബന്ധവുമില്ലെന്നും, എന്‍സിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിര്‍ അഭിപ്രായം ഇല്ലെന്നും പ്രകാശ് സോളങ്കെ കൂട്ടിച്ചേര്‍ത്തു. തീരുമാനം എന്‍സിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സ്പീക്കറെ കണ്ട് രാജി കത്ത് നല്‍കുമെന്നും സോളങ്കെ അറിയിച്ചു.

അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതും 20 വര്‍ഷത്തിലേറെ എംഎല്‍എ ആയിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന.

Top