ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി ; പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഗോവ : അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് ഗോവയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെ മുഖ്യമന്ത്രിയടക്കം 12 അംഗങ്ങളുള്ള മന്ത്രിസഭ അധികാരമേറ്റു. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ സുധിന്‍ ധവാലികര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനമായത്. രാത്രി 11ന് പുതിയ മുഖ്യമന്ത്രിയായി സ്പീക്കര്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം.

പ്രമോദ് സാവന്തിനൊപ്പം ,വിശ്വിജിത്ത് റാണെ ,സംസ്ഥാന അധ്യക്ഷൻ വിനയ് തെൻഡുൾക്കർ എന്നിവരുടെ പേരും ഉയർന്നതോടെ ചർച്ചകൾ നീണ്ടു. വൈകിട്ട് അമിത്ഷാ എത്തി എംഎൽഎമാരെ കണ്ടതിന് ശേഷമാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇതിനിടെ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയതും തീരുമാനം വേഗത്തിലാക്കാൻ ബിജെപിയെ നിർബന്ധിതരാക്കി. പരീക്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്.

Top