pranab mukarjee and Modi congratulates ISRO for PSLV-C37 rocket launch

ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു.

ഈ നേട്ടം രാജ്യത്തെ ഏറെ അഭിമാനമുളളതാക്കുന്നുവെന്നും ഒരിക്കല്‍ കൂടി ഇന്ത്യയുടെ ബഹിരാകാശ ശേഷി ഐഎസ്ആര്‍ഒ തെളിയിച്ചിരിക്കുകയാണെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളില്‍ ഒരു നാഴികക്കല്ലായി ഇന്നത്തെ ദിവസം രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ബഹിരാകാശ ശേഷി മെച്ചപ്പെടുത്താന്‍ വീണ്ടും പരിശ്രമിക്കാന്‍ ഐഎസ്ആര്‍ഒയോട് അഭ്യര്‍ഥിക്കുന്നതായും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

അപൂര്‍വ്വനേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിലൂടെ അഭിനന്ദിച്ചു. രാജ്യത്തെ ബഹിരാകാശ ശാസ്ത്ര സമൂഹത്തിന് അഭിമാനം പകരുന്ന നേട്ടമാണിതെന്നും അവിസ്മരണീയമായ ചുവടുവെയ്പാണ് ഐഎസ്ആര്‍ഒ നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്ത്രജ്ഞരെയും രാജ്യം അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

Top