ന്യൂഡല്‍ഹി: അനുകമ്പയ്ക്കും സഹാനുഭൂതിക്കുമുള്ള വിശാലതയാണ് ഇന്ത്യയുടെ സംസ്‌ക്കാരത്തിന്റെ യഥാര്‍ത്ഥ അടിത്തറയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
രാജ്യത്തോടായി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആരോഗ്യകരവും ആനന്ദപരവുമായ ജീവിതത്തിന് എല്ലാ പൗരന്മാരുടെയും അടിസ്ഥാന അവകാശമാണെന്നും രാജ്യത്ത് വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ അന്ധകാരവും ഭയവും വിശ്വാസമില്ലായ്മയുമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഞാന്‍ നല്‍കിയതിലും വളരെയധികമാണ് എനിക്ക് ഈ രാജ്യത്തില്‍നിന്നു ലഭിച്ചത്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ്. സംസ്‌കാരത്തിലെയും, വിശ്വാസത്തിലെയും, ഭാഷയിലെയും വൈവിധ്യമാണ് ഇന്ത്യയെ വിശേഷപ്പെട്ടതാക്കുന്നത്. അനുകമ്പയ്ക്കും സഹാനുഭൂതിക്കുമുള്ള വിശാലതയാണ് നമ്മുടെ സംസ്‌ക്കാരത്തിന്റെ യഥാര്‍ഥ അടിത്തറ. എന്നാല്‍ എല്ലാദിവസവും നമ്മുടെ ചുറ്റും അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് നാം കാണുന്നത്. അന്ധകാരവും ഭയവും വിശ്വാസമില്ലായ്മയുമാണ് ഈ അക്രമണങ്ങള്‍ക്കുള്ളില്‍- പ്രണാബ് മുഖര്‍ജി പറഞ്ഞു.
ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തിക സന്തുലനം തുടങ്ങിയ മൂല്യങ്ങളിലാണ് ആധുനിക രാഷ്ട്രം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. വികസനം യാഥാര്‍ഥ്യമാകണമെങ്കില്‍, രാജ്യത്തെ ഏറ്റവും ദരിദ്രരായവര്‍ക്കും രാഷ്ട്രനിര്‍മാണത്തില്‍ അവര്‍ പങ്കാളികളാണെന്ന തോന്നലുണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു.