ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതിയും രാജ്യത്തെ തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഏറ്റവും പ്രഗത്ഭനുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം രാജ്യത്തൊട്ടാകെ വന്‍ വിവാദമായിരുന്നു. മതനിരപേക്ഷിവാദികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നടങ്കം പ്രണബിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടക്കം ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പുകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രതിഷേധം പരസ്യമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി തന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിനെ ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 13നാണ് രാഹുല്‍ ഇഫ്താര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.
ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് കൊണ്ട് പ്രണബിനെ വിളിക്കേണ്ടതില്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാജ്യത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ഇഫ്താറാണിത്. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെയും അരവിന്ദ് കെജ്‌രിവാളിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
എന്നാല്‍ എന്തുകൊണ്ടാണ് പ്രണബിനെ ഇഫ്താര്‍ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് രാഹുല്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഡല്‍ഹിയിലെ താജ് ഹോട്ടലിലാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.