ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടിംഗ് മെഷീനുകളിലെ തിരിമറിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ ആശങ്ക അറിയിച്ച് മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുക എന്നതിനര്‍ത്ഥം ജനവിധിയെ തന്നെ തിരുത്തുക എന്നതാണെന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയുടേതായി പുറത്തു വന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വോട്ടിംഗ് മെഷീനുകളുടെ സംരക്ഷണം തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്.
ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടതിന്റെ ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിഷ്പിതമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് എന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഒരുതരത്തിലുള്ള സംശയത്തിന് ഇടനല്‍കരുത്.
ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ഉത്തരവാദിത്തം ആ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന കമ്മീഷന്‍ ഇത് ഭംഗിയായി നടപ്പാക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പ്രണബ് മുഖര്‍ജിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.