അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളിയത് കേന്ദ്ര നിര്‍ദേശ പ്രകാരമാണെന്ന് പ്രണബ് മുഖര്‍ജി

pranab mukharjee

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ദയാ ഹര്‍ജി തള്ളിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കാന്‍ നിയമ നിര്‍മ്മാതാക്കളുണ്ടെന്നും, അഫ്‌സല്‍ ഗുരു, അജ്മല്‍ കസബ്, യാക്കൂബ് മേമന്‍ എന്നിവരടക്കം 30 ഓളം പേരുടെ ദയാഹര്‍ജികള്‍ തന്റെ കാലത്ത് തള്ളിയിട്ടുണ്ടെന്നും പ്രണബ് പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ അടുക്കല്‍ എത്തുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങള്‍ പിന്നിട്ടിരിക്കുമെന്നും, വ്യത്യസ്ത നടപടികള്‍ ഈ ഹര്‍ജിയില്‍ അതിനോടകം കൈക്കൊണ്ട് കഴിഞ്ഞിട്ടുണ്ടാകുമെന്നും പ്രണബ് പറഞ്ഞു.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശ പ്രകാരമായിരിക്കും രാഷ്ട്രപതി തീരുമാനമെടുക്കുക, ദയാഹര്‍ജി തള്ളാനാണ് കേന്ദ്രം നിര്‍ദേശിക്കുന്നതെങ്കില്‍ സാധാരണഗതിയില്‍ രാഷ്ട്രപതി സമാന നിലപാട് ആയിരിക്കും പ്രഖ്യാപിക്കുകയെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.

അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ദയാഹര്‍ജി തള്ളണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ. വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഒരാള്‍ക്ക് വധശിക്ഷ പ്രഖ്യാപിക്കുന്ന കോടതിയുടെ പങ്ക് രാഷ്ട്രപതിക്കും ഏറ്റെടുക്കാനാകില്ലെന്നും പ്രണബ് പറഞ്ഞു.

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇതു 2003 ഒക്ടോബര്‍ 29ന് ഹൈക്കോടതിയും 2005 ആഗസ്റ്റ് നാലിന് സുപ്രിംകോടതിയും ശരിവച്ചു.

2006 ഒക്ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനിടെ അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

2013 ഫെബ്രുവരി മൂന്നിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി ഒമ്പതിന് തീഹാര്‍ ജയിലില്‍ വെച്ചായിരുന്നു അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

Top