ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയെ ചൊല്ലി പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ മക്കള്‍ രംഗത്ത്.
‘എന്റെ പിതാവ് പ്രണബ് മുഖര്‍ജി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ പോലും സോഷ്യല്‍ മീഡിയയില്‍ ഊഹാപോങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുകയാണ്. ഇത് വ്യക്തമാക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളുടെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നതാണ്’, പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അഭിജിത്ത് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.
പിതാവിനെ കുറിച്ച് പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മകള്‍ ഷര്‍മ്മിഷ്ഠ മുഖര്‍ജിയുടെ പ്രതികരണം. ദയവ് ചെയ്ത് കാര്യങ്ങള്‍ തിരിക്കി തന്റെ ഫോണിലേക്ക് വിളിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. അദ്ദേഹം ആശുപത്രിയില്‍ ആയതിനാല്‍ അപ്പപ്പോഴുള്ള വിവരങ്ങള്‍ അറിയാന്‍ ഫോണ്‍ ഫ്രീയായി വെയ്‌ക്കേണ്ടതുണ്ട്, ഷര്‍മ്മിഷ്ഠ മുഖര്‍ജി കുറിച്ചു.
അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് അദ്ദേഹം കോമയിലാണെന്നാണ് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചിരിക്കുന്നത്.