ഇനി മലയാള സിനിമയില്‍ പോരാട്ടത്തിന്റെ നാളുകളാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പിന്‍ഗാമികളാകാനുള്ള മത്സരം.
സുകുമാരന്റെ മകന്‍ പൃഥ്വിരാജ്, മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, ശ്രീനിവാസന്റെ മക്കള്‍ വിനീത്,ധ്യാന്‍, ജയറാമിന്റെ മകന്‍ കാളിദാസന്‍, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍, തുടങ്ങി യുവനേതാക്കളുടെ ഒരുപട തന്നെയുണ്ട് മക്കള്‍ താരങ്ങളായി.
ഇവരുടെ എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെയാണ്. മലയാള സിനിമ മേഖലയില്‍ സ്വന്തം ഇരിപ്പിടം സൃഷ്ടിക്കുക എന്നത് തന്നെ.
പുലിമുരുകനിലെ മോഹന്‍ലാലിന്റെയും ജോപ്പനിലെ മമ്മൂട്ടിയുടെയുമെല്ലാം ‘ആരോഗ്യപരമായ’ പ്രകടനം കാണുമ്പോള്‍ താരസിംഹാസനത്തിന് മക്കള്‍ താരങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
ആദ്യമായി നായകനായി ബിഗ്ബഡ്ജറ്റ് സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ലക്ഷ്യമിടുന്നത് മെഗാഹിറ്റ് തന്നെയാണ്.
തെലുങ്കില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ നായകനായി അരങ്ങേറ്റം കുറിച്ച മഗധീരയുടെ വന്‍വിജയം സൂപ്പര്‍താര പട്ടം രാം ചരണിന് നേടിക്കൊടുത്തത് പോലെ ഒരു ഹിറ്റാണ് പ്രണവ് ആഗ്രഹിക്കുന്നത്.
ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. കാരണം ആദ്യ ചിത്രം പാളിയാല്‍ രാശിയില്ലാത്ത നടനെന്ന പേര്‌ദോഷം കേള്‍ക്കേണ്ടി വരും. മുന്‍പ് പ്രണവിന്റെ പേരില്‍ ലാല്‍ തുടങ്ങിയ നിര്‍മ്മാണ കമ്പനി ഒരു പരാജയമായതിനാല്‍ ജോതിഷിയുടെ ഗ്രീന്‍ സിഗ്നല്‍ കൂടി വാങ്ങിയാണ് പ്രണവിനെ ലാല്‍ അരങ്ങിലെത്തിക്കുന്നത്.
ഇതിനിടെ മഗധീര മോഡല്‍ ഒരു ചരിത്ര സിനിമ പ്രണവിനെ വെച്ച് ചെയ്യാനുള്ള തയ്യാറെടുപ്പില്‍ മുന്നോട്ട് പോകുകയാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ. പ്രമുഖ തെന്നിന്ത്യന്‍ സംവിധായകരെ മുന്‍നിര്‍ത്തി രണ്ട് സിനിമകളുടെ തിരക്കഥകളാണ് പ്രണവിനായി രജനിയുടെ മകള്‍ ഒരുക്കിയിരിക്കുന്നത്.
ദൃശ്യം എന്ന മെഗാഹിറ്റ് തനിക്ക് നല്‍കിയ ജിത്തു ജോസഫിനെ ആണ് സിനിമയിലെ അരങ്ങേറ്റത്തിനായി പ്രണവിനായി ലാല്‍ തന്നെ സെലക്ട് ചെയ്തിരിക്കുന്നത്.ജിത്തുവിന്റെ ഒടുവിലത്തെ സിനിമയായ പൃഥ്വിരാജിന്റെ ഊഴവും സൂപ്പര്‍ ഹിറ്റാണ്.
ഈ സിനിമക്ക് ശേഷമായിരിക്കും രജനിയുടെ മകളുടെ നേതൃത്വത്തിലുള്ള ബഹുഭാഷാ സിനിമയുമായുള്ള പ്രണവിന്റെ സഹകരണം.
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ ഇപ്പോള്‍ തന്നെ മലയാള സിനിമയില്‍ നില ഭദ്രമാക്കിയതിനാല്‍ ഒരു ഭാഗ്യപരീക്ഷണം പ്രണവ് ഒഴിവാക്കിയിരിക്കുകയാണ്.
ആദ്യ സിനിമയില്‍ തന്നെ പിതാവിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നതാണത്രെ മകന്റെ ലക്ഷ്യം.
മമ്മൂട്ടി ഫാന്‍സിന്റെ പിന്‍തുണ ദുല്‍ഖറിന് സഹായകരമായത് പോലെ ലാല്‍ ഫാന്‍സിന്റെ പൂര്‍ണ്ണ പിന്‍തുണ പ്രണവിന് മുതല്‍ക്കൂട്ടാവും.
ശക്തമായ ഫാന്‍സ് അസോസിയേഷനുകളാണ് മോഹന്‍ലാലിനും മമ്മൂട്ടിക്കും കേരളത്തിലുള്ളത്. ഇരുവരും അഭിനയം നിര്‍ത്തിയാലും മക്കളുടെ പേരില്‍ ഇതേ അസോസിയേഷന്‍ ഘടകങ്ങള്‍ ഉണ്ടാകുമെന്നതും വ്യക്തം.
ഇനി മലയാള സിനിമയില്‍ വരാന്‍ പോകുന്നത് മക്കള്‍ പോരാണ്. അഭിനയ മികവില്‍ മലയാളികളെ വിസ്മയിപ്പിച്ച, ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച… കണ്ണുനീരണിയിച്ച… സൂപ്പര്‍ താരങ്ങളുടെ മക്കളുടെ പോരാട്ടം.
ഈ പോരാട്ടത്തില്‍ ആര് വിജയിച്ചാലും ഒരുപിടി നല്ല സിനിമകളുടെ പിറവികള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സിനിമാ നിരൂപകര്‍ക്കും സംശയമില്ല.